കോഴിക്കോട്: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവിന് കത്തയച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കിലുണ്ടായ വർധനവ് അനിശ്ചിതമായി നീളുന്നതും മുന്നറിയിപ്പില്ലാതെ യാത്രകൾ റദ്ദാക്കുന്നതും പ്രവാസികൾക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്നും കാന്തപുരം കത്തിൽ വ്യക്തമാക്കി.
അമിത നിരക്കിനും വിമാനങ്ങളുടെ കുറവിനും പുറമെ മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കൽ, മുടങ്ങിയ യാത്രകളുടെ റീഫണ്ട് നൽകാതിരിക്കൽ, സെക്ടർ മാറ്റിയും തീയതി നീട്ടിയും യാത്ര നിശ്ചയിക്കൽ തുടങ്ങിയവയും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്നും കാന്തപുരം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് വർധിച്ച നിരക്ക് ഈടാക്കി വരുന്നത് വിവേചനമാണെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കൂട്ടിച്ചേർത്തു.